തിരുവനന്തപുരം: എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല (കെടിയു) യുടെ വിവിധ പഠനവകുപ്പുകളിൽ നടത്തുന്ന എംടെക് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ അഞ്ച്. അപേക്ഷകൾ എന്ന വെബ്സൈറ്റ് മുഖേന ഓണ്‍ലൈനായി സമർപ്പിക്കണം.
ഓരോ പ്രോഗ്രാമിന്റെയും പഠനകാലാവധി രണ്ട് വർഷമാണ്. ഓരോ പ്രോഗ്രാമിലും 18 സീറ്റുകൾ വീതമാണുള്ളത്.
ബന്ധപ്പെട്ട വിഷയത്തിൽ 60 ശതമാനം മാർക്കോടെ ബിടെക് അല്ലെങ്കിൽ എംഎസ്സി ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. പിന്നാക്ക വിഭാഗക്കാർക്ക് കുറഞ്ഞത് 50 ശതമാനം മാർക്ക് മതിയാകും. എസ്സി/എസ്ടി വിഭാഗക്കാർക്ക് യോഗ്യതാ പരീക്ഷ വിജയിച്ചിരിക്കണമെന്നതാണ് മാനദണ്ഡം.
ബന്ധപ്പെട്ട വിഷയത്തിലെ ഗേറ്റ് (GATE) സ്കോറും യോഗ്യതാ പരീക്ഷയിലെ മാർക്കും അടിസ്ഥാനമാക്കിയാണ് പ്രവേശനം. ഗേറ്റ് യോഗ്യതയുള്ള അപേക്ഷകർ ലഭ്യമല്ലാത്ത സാഹചര്യത്തിൽ, ഗേറ്റ് യോഗ്യതയില്ലാത്തവരുടെ യോഗ്യതാ പരീക്ഷയിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ റാങ്ക് പട്ടിക തയാറാക്കും.
പ്രവേശനത്തിന് ഉയർന്ന പ്രായപരിധിയില്ല. യോഗ്യതാ കോഴ്സിന്റെ അവസാന വർഷം പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർഥികൾക്കും അപേക്ഷിക്കാം. അപേക്ഷാ ഫീസ് 400 രൂപ. പട്ടികജാതി,പട്ടികവർഗ വിഭാഗക്കാർക്ക് അപേക്ഷാ ഫീസ് 200 രൂപ. കൂടുതൽ വിവരങ്ങൾക്ക് സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റ് www.ktu.edu.in സന്ദർശിക്കുക.